Thursday, May 19, 2022

ബേക്കൽ കോട്ടയിലേക്ക്…

രണ്ടായിരത്തിരണ്ടിൽ ജോലി കിട്ടിയ അന്ന് മുതൽ ഓരോ യാത്രയിലും തീവണ്ടിയിലിരുന്ന് കാണാൻ തുടങ്ങിയതാണ് ബേക്കൽ കോട്ട. അന്ന് തൊട്ട് കരുതുന്നതാണ് എന്നെങ്കിലും ഒരിക്കൽ അവധിക്ക് വരുമ്പോൾ ഇവിടെ ഇറങ്ങണം എന്ന്. പിന്നീടെന്നോ അറിഞ്ഞു ബോംബെ എന്ന മണിരത്നം ചിത്രത്തിലെ ഉയിരേ ഗാനരംഗത്തിൽ കാണുന്നതും ഇതേ കോട്ട തന്നെ ആണെന്ന്. അതോടെ ആഗ്രഹത്തിന്റെ ആക്കം കൂടിയെങ്കിലും ജോലിയിൽ നിന്നും വിരമിച്ച് അഞ്ചുവർഷം ആകാറായപ്പോഴാണ് കോട്ട കാണാൻ പോകുന്നത്. എല്ലാത്തിനും ഓരോ സമയമുണ്ടല്ലോ ദാസാ …
Fort entrance at the Bus stop
ഒരു രണ്ടാം ശനിയാഴ്ച്ച പോകാം എന്ന് പെട്ടെന്ന് തീരുമാനിക്കുകയായിരുന്നു. എന്റെ മൂന്നാമത്തെ സോളോ! ബുധനാഴ്ച്ച തീരുമാനിക്കുന്നു വ്യാഴാഴ്ച തത്ക്കാൽ എടുക്കുന്നു, വെള്ളിയാഴ്ച്ച പോകുന്നു. അത്താഴം കഴിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി അടുത്ത ദിവസം അത്താഴത്തിന് മുൻപേ വീട്ടിലെത്തി. അത്രയും ചെറിയൊരു സോളോ. തൃശൂർ നിന്നും ഒരുപാട് തീവണ്ടികൾ ഉണ്ടെങ്കിലും രാത്രി പന്ത്രണ്ട് അമ്പതിനും ഒന്നരക്കും രണ്ടേമുക്കാലിനും ഉള്ള വണ്ടികളിൽ ഏതെങ്കിലും ഒന്ന് ആയിരിക്കും ഒരുദിവസത്തെ യാത്രക്ക് നല്ലത്. രാവിലെ ആറിന് കാഞ്ഞങ്ങാട് എത്തുന്ന പന്ത്രണ്ടേ അമ്പതിന്റെ വണ്ടി ആകും ഏറ്റവും നല്ലത്. എനിക്ക് രണ്ടേമുക്കാലിന്റെ വണ്ടിയിലേ ടിക്കറ്റ് കിട്ടിയുള്ളൂ. അത് അവിടെ ഒൻപതരയ്ക്ക് ആണ് എത്തിയത്. വണ്ടി ഇറങ്ങിയ ഉടനെ ഗൂഗിളിൽ ഫുഡ് അന്വേഷിച്ചപ്പോ അറുന്നൂറ് മീറ്ററിൽ ഒരു ഇന്ത്യൻ കോഫീ ഹൗസ് കാണിച്ചുതന്നു. നേരെ അങ്ങോട്ട് നടന്നു. ഒരു ഷോപ്പിംഗ് കോംപ്ലെക്സിന്റെ ഒന്നാം നിലയിൽ ആണ് കോഫി ഹൗസ്. ആദ്യമായാണ് ഒന്നാം നിലയിൽ ഒരു ഹോട്ടൽ കാണുന്നത്. കേറിച്ചെന്ന് ഒരു മസാല ദോശയും ചായയും കഴിച്ചു. കടക്കാരനോട് കോട്ടയിലേക്ക് പോകാനുള്ള വിവരങ്ങൾ തിരക്കി. നേരെ റോഡിലോട്ട് കയറിയാൽ കെ എസ് ആർ ടി സി കിടപ്പുണ്ടാകും, ചന്ദ്രഗിരി വഴി പോകുന്നതിൽ കയറണം എന്ന് പറഞ്ഞു. അദ്യം കണ്ട ബസിൽ തന്നെ കയറി. ഇരുപത് രൂപയുടെ ടിക്കറ്റ് എടുത്ത് കോട്ട എത്തിയാൽ പറയണം എന്നും പറഞ്ഞു. കൃത്യം പതിനഞ്ചു മിനിട്ടിൽ സ്ഥലം എത്തി. കോട്ടയുടെ കവാടത്തിൽ തന്നെ ആണ് ബസ് സ്റ്റോപ്പ്. അവിടെ തന്നെ ഒരു ഓട്ടോ സ്റ്റാൻഡ് ഉണ്ട്. ഒരു പച്ചക്കറി കടയും കണ്ടു. വലിയ കവാടം കടന്ന് നടപ്പാതയിലൂടെ മുൻപോട്ട് നടന്നു. ഇരുവശത്തും വീടുകളും സ്കൂളും ഒരു ക്ഷേത്രവും കണ്ടു. ഒരു മുന്നൂറ് മീറ്ററോളം നടന്നപ്പോൾ പാർക്കിങ്ങിൽ എത്തി. അവിടെ നിറയെ കടകൾ ഉണ്ട്. തൊപ്പികളും കളിപ്പാട്ടങ്ങളും ചെറിയ സ്‌നാക്‌സും ചായ കാപ്പി ശീതളപാനീയങ്ങൾ ഒക്കെ കിട്ടുന്ന ചെറിയ കടകൾ.
Fort Entrance
അല്പം കൂടെ മുന്നോട്ട് നടന്ന് കോട്ടയുടെ മതിൽക്കെട്ടിനകത്താണ് ടിക്കറ്റ് കൌണ്ടർ ഉള്ളത്. അതിനു തൊട്ട് മുൻപായി ഒരു ക്ഷേത്രം ഉണ്ട്. ശ്രീ മുഖ്യപ്രാണക്ഷേത്രം എന്നാണ് അവിടെ പേര് എഴുതിയിട്ടുള്ളത്. മതിൽക്കെട്ടിനു പുറത്ത് ഒരു മുസ്ലിം പള്ളിയും കണ്ടിരുന്നു. എന്തായാലും ഒരു മൈത്രി ഉള്ള മേഖല ആണെന്ന് മനസ്സിലായി. 25 രൂപയുടെ ടിക്കറ്റ് എടുത്ത് അകത്തുകയറി. ക്യാമറ സൗജന്യമായി ഉപയോഗിക്കാം എന്നത് സൗകര്യമായിത്തോന്നി.
Temple at the fort entrance
പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ശിവപ്പ നായ്ക്ക് ആണ് കോട്ടയുടെ പണി പൂർത്തിയാക്കിയതെന്ന് കരുതപ്പെടുന്നു. പിന്നീട് മൈസൂർ രാജാവ് ഹൈദർ അലി കീഴ്പ്പെടുത്തിയ കോട്ട വളരെ കാലം ടിപ്പുവിന്റെ ആയുധശേഖരസ്ഥലം ആയിരുന്നു. ടിപ്പുവിന്റെ പരാജയത്തിന് ശേഷം കോട്ട ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിലായി.
Guard post over the fort wall
ബേക്കൽ കോട്ട തീർത്തും കാവലിനായി നിർമ്മിച്ചതായതിനാൽ ഇതിനകത്ത് കൊട്ടാരങ്ങളോ താമസസൗകര്യങ്ങളോ ഇല്ലായിരുന്നു. ഏതാണ്ട് മൂന്ന് ഭാഗവും കടലിനോട് ചേർന്ന് കിടക്കുന്ന കോട്ടയ്ക്കകത്ത് ആയുധപ്പുരകളും വെള്ളം ശേഖരിക്കാൻ വലിയ കിണറുകളും നിരീക്ഷണഗോപുരങ്ങളും ആണ്. ശത്രുക്കളുടെ ആക്രമണം ഉണ്ടായാൽ രക്ഷപ്പെടുന്നതിനുള്ള ഭൂഗർഭമാർഗ്ഗത്തിലേക്കുള്ള ചില പടവുകളും കണ്ടിരുന്നു.
Underground passage entry steps
ടിക്കറ്റ് എടുത്ത് അകത്തുകയറിയ ഞാൻ നേരെ വലത്തോട്ട് കോട്ടമതിലിനോട് ചേർന്ന് നടന്നു. മുൻപോട്ട് നടന്നുചെല്ലുന്തോറും കടലിന്റെ ഇരമ്പൽ കേട്ട് തുടങ്ങി. മനസ്സ് നിറയെ അരവിന്ദ് സാമി ഫുൾസ്ലീവ് ടീഷർട് ഇട്ട് ഓടിനടക്കാണ്. ഇന്നലെ മുതൽ ഈ പാട്ട് റിപീറ്റ്‌ മോഡിൽ ആണ്. മുൻപോട്ട് നടന്ന് നടന്ന് ഒരു നിരീക്ഷണഗോപുരം എത്തി. അതിന്റെ തുറന്ന ഭാഗത്തുകൂടെ താഴെ അലയടിക്കുന്ന കടൽ കണ്ടു. ഓ… എത്ര മനോഹരം. മഴകൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി. പക്ഷെ ഇന്നലെ മുഴുവൻ ഇന്ന് മഴ ഉണ്ടാകല്ലേ എന്നായിരുന്നു പ്രാർത്ഥന. നാട്ടിൽ ഒരാഴ്ചയായി നല്ല മഴയാണ്. ഇന്ന് മഴ പെയ്താൽ ക്യാമറ പുറത്തെടുക്കാനാകില്ലല്ലോ.
Path along the fort wall
ഇത്തവണ റ്റെലിലെൻസ് കൊണ്ടായിരുന്നു വന്നത്. ചിത്രദുർഗയിൽ പറ്റിയ അബദ്ധം ഇവിടെ ഉണ്ടാകരുതല്ലോ. അന്ന് ട്രാവൽ ലെന്സ് മാത്രം എടുത്തതുകൊണ്ട് അപ്രതീക്ഷിതമായി കണ്ട കുറെ പക്ഷികളുടെ ചിത്രങ്ങൾ എടുക്കാനായില്ലായിരുന്നു. അതുകൊണ്ട് ഇത്തവണ കോട്ടയുടെ ചിത്രങ്ങൾ ഐഫോണിലും ക്യാമറയിൽ റ്റെലിലെന്സും മതി എന്ന് തീരുമാനിച്ചിരുന്നു. കോട്ടയ്ക്കകത്ത് കടന്നപ്പോൾ മുതൽ മയിലുകളുടെ കരച്ചിൽ കേൾക്കുന്നുണ്ട്. രണ്ടുമൂന്നെണ്ണത്തിനെ കണ്ടു. ഒന്ന് പീലി നിവർത്തി നില്പുണ്ടായിരുന്നു. ചെടികൾക്കിടയിൽ ആയിരുന്നതിനാൽ ഫോട്ടോ എടുക്കാൻ നിൽക്കാതെ ആ കാഴ്ച ആസ്വദിച്ച് മുൻപോട്ട് നടന്നു.
the Top of main Watch Tower built by Tipu Sultan
40 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ബേക്കൽ കോട്ട കേരളത്തിലെ ഏറ്റവും വലിയ കോട്ട ആണത്രേ. കോട്ടമതിലിൽ നിറയെ തോക്കുകളും പീരങ്കികളും വെക്കാനുള്ള തുളകൾ കാണാം. കോട്ടയ്ക്കകത്ത് ഒരു ആഞ്ജനേയക്ഷേത്രം ഉണ്ട്. പുറത്തുള്ള മുസ്ലിം പള്ളി ടിപ്പുവിന്റെ കാലത്തെ നിർമിതി ആണ്. കോട്ടയുടെ ചുറ്റുമതിലിലൂടെ മുഴുവനായി നടന്ന് ഞാൻ കവാടത്തിനടുത്തെത്തി. പിന്നീട് കോട്ടയുടെ ഉള്ളിലൂടെ ഉള്ള നടപ്പാതയിലൂടെ നടന്നു.
steps to the Well
the Well
അല്പം നടന്നപ്പോൾ കല്ലുകൾ വെച്ച് കെട്ടിയ മനോഹരമായ പടവുകളോടുകൂടിയ ഒരു കിണർ കണ്ടു. അതിനോട് ചേർന്നാണ് ടിപ്പു പണിതീർത്ത ഏറ്റവും ഉയരമുള്ള നിരീക്ഷണഗോപുരം. ഇതിന് ഏതാണ്ട് 24 മീറ്റർ ചുറ്റളവും 9 മീറ്റർ മേലെ ഉയരവും ഉണ്ട്. ആളുകളെല്ലാം അതിനു മുകളിൽ നിന്നും ഫോട്ടോസ് എടുക്കുന്ന തിരക്കായിരുന്നു.
view of main watch tower
ഞാൻ താഴോട്ട് നോക്കി നിൽക്കുന്നതിനിടയിൽ താഴെ മരത്തിൽ ചില അനക്കങ്ങൾ കണ്ടു. ഒരു ആനറാഞ്ചി പറന്നു വന്നിരുന്നപ്പോൾ മറ്റേതോ രണ്ടു പക്ഷികൾ പറന്നു. പിന്നീട് അവറ്റകളെ കണ്ടില്ല. ഞാൻ ആ മരത്തിലോട്ട് തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു. അല്പം കഴിഞ്ഞപ്പോൾ വീണ്ടും അനങ്ങി. അവിടെ ഒരു ചെമ്പുകൊട്ടിയെ (Coppersmith Barbet) കണ്ടു. മുകളിൽ നിന്നും നല്ല ചിത്രം എടുക്കാവുന്ന ദൂരം ആയിരുന്നില്ല. താഴെ ഇറങ്ങിയപ്പോൾ ഒരു വയൽവരമ്പൻ (Paddyfield pipit) ഉണ്ടായിരുന്നു. ഇതുകൂടാതെ പലയിടത്തായി ചെങ്കണ്ണിതിത്തിരികൾ അടയിരിക്കുന്നത് കണ്ടിരുന്നു. മയിലിന്റെ കരച്ചിലുകൾ തുടർന്നുകൊണ്ടേ ഇരുന്നു. സന്ദർശകരായ കുട്ടികൾ കൗതുകത്തോടെ ചുറ്റും നോക്കുന്നുണ്ടായിരുന്നു. കോട്ടയ്ക്കകത്ത് ധാരാളം മാവുകൾ കാച്ചുനിൽപ്പുണ്ട്. അതിനിടയിൽ ചെറിയ കൊക്കുകൾ നടക്കുന്നു. പെട്ടെന്നാണ് ഒരു കാലിമുണ്ടി എന്തോ ചാടി കൊത്തുന്നത് കണ്ടത്. ഒരു അരണയെയോ മറ്റോ പിടിച്ച് കുടഞ്ഞ് തിന്നുകയായിരുന്നു.
Gun posts
അല്പം മാറി അവിടെ ഒരിടത്ത് കുടിവെള്ളത്തിന്റെ പൈപ്പ് ഉണ്ടായിരുന്നു. ഞാൻ കുപ്പിയിലെ വെള്ളം കുടിച്ച് അവിടെ നിന്നും വീണ്ടും വെള്ളം നിറച്ച് ഒരു മരത്തിന്റെ ചുവട്ടിൽ അൽപനേരം വിശ്രമിച്ചു. പുൽതൊട്ട് കടന്നപ്പോൾ ഉച്ചയൂണിന് നേരമായെങ്കിലും ഒന്നും കഴിക്കാൻ തോന്നിയില്ല. ഒരു ജ്യൂസ് കുടിക്കാമെന്ന് കരുതി അടുത്ത് കണ്ട കഫേയിൽ കയറി. കറന്റ് ഇല്ലാത്തതുകൊണ്ട് ജ്യൂസ് ഉണ്ടാക്കാൻ നിർവാഹമില്ല. അങ്ങനെ ഒരു ഫ്രൂട്ട് സലാഡ് കഴിച്ച് അവിടെ നിന്നും ഇറങ്ങി. മൂന്നരക്കാണ് ട്രെയിൻ. അൽപനേരം ബേക്കൽ ബീച്ചിൽ പോയിരുന്ന് തിരികെ കാഞ്ഞങ്ങാട് സ്റ്റേഷനിലേക്ക് കെ എസ് ആർ ടി സി കയറി. തിരിച്ചെന്തോ പതിനെട്ട് രൂപയെ ആയുള്ളൂ. അതെന്താവോ രണ്ടുരൂപ കുറഞ്ഞത്. ബസിറങ്ങുമ്പോഴേക്കും മഴ ചാറിത്തുടങ്ങിയിരുന്നു. കുട ചൂടി പതുക്കെ സ്റ്റേഷനിലേക്ക്. ട്രെയിൻ വൈകില്ലെന്നാണ് കാണിക്കുന്നത്. അരമണിക്കൂർ മേലെ ഉണ്ട്. ഒരു ചായ കുടിച്ചിരുന്ന് ആലോചിച്ചു. അടുത്ത യാത്ര എങ്ങോട്ട്…  



Wednesday, August 26, 2020

ഗോവയിലെ ക്യാബോ ദെ രാമ കോട്ട


    ഗോവയിൽ ജോലി ചെയ്തിരുന്ന കാലത്ത് അവിടെ കുറെ സ്ഥലങ്ങളിൽ പോയിട്ടുണ്ട്. അതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഇനിയും പോകാനാഗ്രഹിക്കുന്ന ഒരു സ്ഥലമാണ് ക്യാബോ ദെ രാമ കോട്ട (Cabo de Rama Fort). നാട്ടിൽ നിന്നും ഗോവ കാണാൻ വരുന്നവരെല്ലാം മഡ്ഗാവിൽ ഇറങ്ങി കോൾവ ബീച്ചും പന്‍ജിം പോയി കല്ലങ്കോട്ട് ബീച്ചും ബാഗ ബീച്ചും പറ്റിയാൽ അഗ്‌വാദ കോട്ടയും കണ്ട് മടങ്ങുക ആണ് പതിവ്. എന്നാൽ നല്ലൊരു പൈതൃകവും മനോഹരമായ പ്രകൃതിഭംഗിയുമുള്ള സ്ഥലങ്ങൾ ഒരുപാടുണ്ട് ഗോവയിൽ കാണാൻ. ഇവ രണ്ടും ഒന്നിച്ചു കാണാൻ കഴിയുന്ന ഒരു സ്ഥലമാണ് ക്യാബോ ദെ രാമ കോട്ട. വനവാസകാലത്ത് രാമനും സീതയും ലക്ഷ്മണനും ഇവിടെ താമസിച്ചിരുന്നതായി കരുതപ്പെടുന്നതിലൂടെയാണ് കോട്ടക്ക് ഈ പേര് വന്നിരിക്കുന്നത്.


Front view of fort with entrance


    
ഞാൻ താമസിച്ചിരുന്ന വാസ്കോയിൽ നിന്നും അമ്പതോളം കിലോമീറ്റർ ഉണ്ട് ഇങ്ങോട്ട്. മഡ്ഗാവിൽ നിന്നും മുപ്പതിൽ താഴെ കാണും. ഞാൻ ആദ്യമായി ഗൂഗിൾ മാപ്‌സ് മാത്രം ഉപയോഗിച്ച് നടത്തിയ യാത്രയും ഇതാണ്. മഡ്ഗാവ് നഗരപരിധി കഴിഞ്ഞാൽ മനോഹരമായ ഗ്രാമങ്ങളിലൂടെയാണ് യാത്ര. അതുകൊണ്ട് തന്നെ കടകളും മറ്റും കുറവാണ്. വെള്ളവും മറ്റും മഡ്ഗാവിൽ നിന്നും വാങ്ങിയില്ലെങ്കിൽ ഭാഗ്യമുണ്ടെൽ മാത്രം വല്ലപ്പോഴും കാണുന്ന കടയിൽ നിന്നും ചോദിക്കുന്ന കാശ് കൊടുത്തു വെള്ളം വാങ്ങേണ്ടി വന്നേക്കും. 

Cabo de Rama beach seen from Fort

ഏകദേശം ഒന്നരമണിക്കൂറോളം സഞ്ചരിച്ചാണ് ഞാൻ അവിടെ എത്തിയത്. കോട്ടക്ക് മുൻപിലായി ഒരു കടയുണ്ട്. ചെറിയ ഭക്ഷണവും സ്‌നാക്‌സും അവിടെ കിട്ടും. പാർക്കിംഗ് ഏരിയ ഒക്കെ ചെറുതാണ്. സന്ദർശകരും കുറവാണ്. ഞാൻ ചെല്ലുമ്പോൾ ഒരു ഫാമിലിയും വേറെ മൂന്ന് പേരും മാത്രമേ ഉണ്ടായിരുന്നുള്ളു. പ്രവേശനം ടിക്കറ്റ് ഒന്നും ഇല്ലാതെയാണ്. രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചര വരെ എന്നെഴുതിയ ഒരു ബോർഡ് അവിടെ കണ്ടു. കോട്ടക്ക് ചുറ്റുമുള്ള കിടങ്ങിനു കുറുകെയായി ചെറിയൊരു പാലം പോലെ ഉണ്ട്. അതിലൂടെ നടന്ന് കോട്ടമതിലിനുള്ളിൽ കടന്നു. കാലപ്പഴക്കത്തിൽ നാശം ചെന്ന കോട്ടയ്ക്കുള്ളിൽ കടന്നതും ആദ്യം കണ്ടത് മനോഹരമായ ഒരു പള്ളിയാണ്. വൃത്തിയായി കല്ലുകൾ വിരിച്ച ഒരു നടപ്പാതയും പള്ളിയിലേക്ക് ഉണ്ടായിരുന്നു. 

Santo Antonio Chapel

      1763ൽ സൂണ്ടാ രാജാക്കന്മാർ നിർമിച്ചെന്നു കരുതപ്പെടുന്ന കോട്ട പില്കാലത്ത് പല പല യുദ്ധങ്ങൾ നേരിട്ട് വിവിധ ഹിന്ദു മുസ്ലിം രാജാക്കന്മാരിലൂടെ കൈമാറി ഒടുവിൽ പോർച്ചുഗീസുകാരുടെ കയ്യിലെത്തുകയായിരുന്നു. കോട്ട പുനരുദ്ധരിച്ച അവർ അവിടെ 21 പീരങ്കികളും ഒരു സെന്റ് ആന്റണി പള്ളിയും സ്ഥാപിച്ചിരുന്നു. രണ്ടു പീരങ്കികളും പള്ളിയും നമുക്ക് അവിടെ കാണാനാകും. പള്ളിയിൽ ഇപ്പോഴും പ്രാർത്ഥനകൾ നടക്കുന്നുണ്ട് എന്ന് തോന്നുന്നു. പോർച്ചുഗീസുകാർ പോയതിനുശേഷം 1955 വരെ അവിടെ സർക്കാർ ജയിൽ ഉണ്ടായിരുന്നതായി പറയുന്നു.

Steps towards Cannons
abandoned Cannons

    ഒരു വലിയ പ്ലാറ്റുഫോമിലേക്ക് പടവുകൾ കയറി ചെല്ലുന്നിടത്താണ് പീരങ്കികൾ കിടക്കുന്നത്. അത് കണ്ടു കഴിഞ്ഞാൽ ചുറ്റുമതിൽ അല്ലാതെ കോട്ടയുടേതെന്നു പറയാൻ പ്രത്യേകിച്ചൊന്നും ഇല്ല. ആളുകൾ നടന്നുണ്ടായ വഴികളിലൂടെ ആ വലിയ ഏരിയ മുഴുവൻ നമുക്ക് നടന്നുകാണാം. ചില ഭാഗത്ത് ചുറ്റുമതിൽ തീർത്തും ഇല്ലാതായെങ്കിൽ ചിലയിടത്ത് അത് കാടുപിടിച്ച് കിടപ്പാണ്.

Pond inside fort

ഉള്ളിൽ ഒരു ഭാഗത്ത് നടുവിൽ അല്പം വെള്ളമായി ഒരു കുളം ഉണ്ട്. ചുറ്റും ചെറിയ പടവുകളുടെ ശേഷിപ്പുകളും കാണാം. ഒരു പക്ഷെ ഇതായിരുന്നിരിക്കണം അന്നത്തെ ജലസ്രോതസ്സ്. കൂടുതൽ ഭാഗവും വെയിൽ ആണെങ്കിലും കുറച്ചു മരങ്ങളും തണലും ഉള്ള ഭാഗവും ഉണ്ട്. 

Fortifications

ഓരോരോ ഭാഗത്തുകൂടെ നടന്ന് നടന്ന് ഞാൻ കോട്ടയുടെ മറുപുറത്തെത്തി. കോട്ടമതിലിൽ നിന്നും താഴേക്കുള്ള കാഴ്ച തീർത്തും വിസ്മയാവഹമായിരുന്നു. നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ശാന്തമായ അറബിക്കടൽ. കരയോടടുക്കുമ്പോൾ പാറക്കെട്ടുകളിൽ ഇടിച്ചു പച്ചയിൽ നിന്നും വെള്ള കലർന്ന് ഇളം നീല ആകുന്നപോലെ. കോട്ടക്ക്  സമാന്തരമായി നല്ല പച്ചപ്പ്. കുറെ നേരം അതെല്ലാം ആസ്വദിച്ച് അവിടെ ഇരുന്നു.

    പിന്നീട് വീണ്ടും നടന്നു. അപ്പോൾ താഴെ മനോഹരമായ തിരക്കൊഴിഞ്ഞ ബീച്ച് കണ്ടു. താഴെ ബീച്ചിലേക്ക് വേറെയും വഴികളുണ്ട് എന്ന് തോന്നി. കാരണം പെട്ടെന്ന് എവിടെ നിന്നോ കുറെ ആളുകൾ ബീച്ചിലേക്ക് എത്തിയിരുന്നു. ഞാനും പതിയെ കോട്ടയിൽ നിന്നും താഴോട്ട് ബീച്ചിന്റെ പരിസരത്തേക്ക് ഇറങ്ങി. നിറയെ പാറക്കെട്ടുകൾ ഉള്ള ഭാഗത്തായിരുന്നു ഞാൻ എത്തിയത്.

Rocky beachside

നല്ല മരത്തണലുള്ള ഒരു ഭാഗമായിരുന്നു അത്. വെയിലിൽ നടന്നു ആകെ വിയർത്തിരുന്നു. ഞാൻ ബാഗ് സൈഡിൽ വെച്ചു ചെരുപ്പൊക്കെ മാറ്റി കൈയും മുഖവുമൊക്കെ കഴുകി. നല്ല തണുത്ത വെള്ളം. കുറെ നേരം കാല് വെള്ളത്തിലിട്ട് അവിടെ ഇരുന്നു. അപ്പോഴേക്കും  വേറെയും മൂന്നുപേർ അവിടെയെത്തി. അതിലൊന്ന് ഒരു വിദേശവനിത ആയിരുന്നു. ഫ്രാൻ‌സിൽ നിന്നും നമ്മുടെ നാട് കാണാൻ വന്നവർ. അസ്തമയകാഴ്ച ഇവിടെ നിന്നും മനോഹരം ആയിരിക്കുമെന്ന് തോന്നി. നേരം ഇല്ലാത്തതിനാൽ അതിനായി കാത്തിരുന്നില്ല. ഇനിയും വരണമെന്ന് മനസ്സിൽ ഉറപ്പിച്ച് അവിടെ നിന്നും തിരിച്ചു.  



Saturday, August 1, 2020

ഒരു തഞ്ചാവൂർ യാത്ര - ഭാഗം രണ്ട്

    രാത്രി നടന്ന് റൂമിലെത്തി ഫ്രഷ് ആയി താഴെയുള്ള ഹോട്ടൽ ന്യൂ തേവർൽ നിന്നും ഡിന്നർ കഴിച്ചു. വട്ടം കുറഞ്ഞ അല്പം കനം കൂടിയ തരം പൊറോട്ടയും ചിക്കനുമാണ് കഴിച്ചത്. വാഴയിലയിൽ അത് നല്ല രുചിയുണ്ടായിരുന്നു. ഹോട്ടൽ റിസപ്ഷനിൽ സംസാരിച്ച് ഒരു ടാക്സി തരപ്പെടുത്തി. രാവിലെ 9ന് ടാക്സി എത്തും മുൻപേ ഞങ്ങൾ റെഡി ആയി മ്മടെ രാം നിവാസിൽ പോയി നല്ല മസാല ദോശയും വടയും കഴിച്ചു. അപ്പോഴേക്കും കാർ  എത്തി. ഒരു ചെറുപ്പം പയ്യൻ ആയിരുന്നു ഡ്രൈവർ, കാർത്തിക്. 


Breakfast at Ram Nivas


    കല്ലണൈ ഡാം ആണ് ആദ്യം പോകാൻ തീരുമാനിച്ചത്. കാരണം ശ്രീരംഗത്തും ഗ്രഹണം കഴിഞ്ഞ് ഉച്ചയോടെയേ പ്രവേശനം ഉള്ളൂ. അങ്ങനെ നേരെ കല്ലണൈക്ക് യാത്ര തിരിച്ചു. ഏകദേശം 50 കിലോമീറ്ററോളം ദൂരമുണ്ട് അങ്ങോട്ട്. യാത്രക്കിടയിൽ കാർത്തിക് പറഞ്ഞു വഴിയിൽ വേറെ ഒരു ക്ഷേത്രമുണ്ട്, നല്ലതാണ്, പെട്ടെന്ന് കേറിയിട്ടു വരാമെന്ന്. ഞങ്ങൾ ഓക്കേ പറഞ്ഞു. അങ്ങനെ തിരുവയ്യാറുള്ള അയ്യാറപ്പർ അഥവാ പഞ്ചനദീശ്വരാർ ക്ഷേത്രത്തിൽ എത്തി.


ഗ്രഹണം


പഞ്ചനദീശ്വരാർ ക്ഷേത്രം 


    അഞ്ചുനദികളുടെ ദേവനായി ശിവനാണ് ഇവിടുത്തെ പ്രതിഷ്ഠ. കല്ലിൽ കൊത്തിയ മനോഹരമായ തൂണുകളും ശില്പങ്ങളും ഇവിടെ ഉണ്ട്. ക്ഷേത്രത്തിനകത്ത് മനോഹരമായ ഒരു കുളവും ഉണ്ട്. ഏറ്റവും കൗതുകകരമായ കാര്യം ഇവിടുത്തെ echo point ആണ്.


പഞ്ചനദീശ്വരാർ ക്ഷേത്രം

    ക്ഷേത്രം പ്രദക്ഷിണം വെക്കുന്നതിനിടയിൽ അവിടെ വരാന്തയിൽ തൂണിൽ ചാരി ഇരുന്നിരുന്ന ഒരു വൃദ്ധൻ ഞങ്ങളെ സമീപിച്ചു. അലസമായ നരവീണ മുടിയുള്ള ഒരു മുഷിഞ്ഞ വസ്ത്രധാരി. അദ്ദേഹമാണ് മുൻപോട്ട് ചെന്നാൽ ക്ഷേത്രമതിൽ വളയുന്നിടത്ത് Echo point ആണെന്ന് പറഞ്ഞു തന്നത്. സംസാരത്തിനൊടുവിൽ അദ്ദേഹം ഒരു 50 രൂപ ചോദിച്ചു, പുതിയൊരു മുണ്ട് വാങ്ങാനാണത്രെ. ഞാനത് കൊടുത്ത് മുൻപോട്ട് നടന്നു. അല്പം ചെന്നപ്പോഴേക്കും പോയിന്റ് എത്തി. 


Echo Point

       ക്ഷേത്രത്തിന്റെ ഒരു മൂലയാണ്. അവിടെ നിന്നും അടുത്ത മൂലയിലോട്ട് നോക്കി വിളിച്ചാൽ തിരികെ വിളി വരും. രാവിലെ വലിയ തിരക്കൊന്നും ഇല്ലാതെ ഞങ്ങളുടെ ശബ്ദം മാത്രം പ്രതിധ്വനിക്കുന്നത് നല്ല രസമായിരുന്നു. ക്ഷേത്രത്തിന്റെ രണ്ടുമതിലിന്റെ ഇടയിലുള്ള സ്ഥലം ആയതിനാൽ ആകണം ഈ പ്രതിധ്വനി. 



        അവിടെ വൈഫും മകളും അകത്തുകയറി തൊഴുതു. ഞാൻ അവിടെ ഒരു ഇടനാഴിയിൽ കണ്ണടച്ചു കുറച്ചുനേരം ഇരുന്നു, നല്ല തണുത്ത കല്ലിന്റെ തറയിൽ. അവിടെ നിന്നും നേരെ ഡാമിലോട്ട് തിരിച്ചു. 


കല്ലണൈ ഡാം 


കാവേരി നദി രണ്ടായി പിരിയുന്നിടത്താണ് കല്ലണൈ പണിതിരിക്കുന്നത്. AD 100 കരികാലചോളൻ പണിത ഈ ഡാം ഇന്ത്യയിലെ ഏറ്റവും പഴയതും ലോകത്തിലെ നാലാമത്തെ പഴയതുമായ ഡാം ആണ്. എന്നാൽ ഇന്നും ഉപയോഗത്തിലുള്ള ലോകത്തിലെ ഏറ്റവും പുരാതനമായ ഡാം കല്ലണൈ തന്നെയാണത്രെ. ഒന്നാം നൂറ്റാണ്ടിൽ പണിത ഈ ഡാം  പത്തൊമ്പതാം  നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഭരണകാലത്ത് ഒരു പുനരുദ്ധാരണം നടന്നിരുന്നു, ക്യാപ്റ്റൻ കാൾഡ്വെല്ലിന്റെ നേതൃത്വത്തിൽ. പിന്നീട് സർ ആർതർ കോട്ടൺ ഈ ഡാം മാതൃകയാക്കി ഇതിനോട് ചേർന്ന് മറ്റൊരു ഡാം കൂടെ പണികഴിച്ചു. അത് Lower  Anaicut എന്നറിയപ്പെടുന്നു.



    ഡാമിനോട് ചേർന്ന് ഒരു ആവറേജ് നിലവാരമുള്ള പാർക്കും തോട്ടവും അതിനോട് ചേർന്ന് എല്ലാ വിനോദസഞ്ചാരകേന്ദ്രങ്ങളും പോലെ കുറെ കടകളും ഉണ്ട്. താഴോട്ടിറങ്ങിച്ചെന്നാൽ കാവേരിയിൽ ആളുകൾ കുളിക്കുന്നെല്ലാം ഉണ്ട്. അവിടെ നിന്നും ഡാമിന്റെ വെള്ളം ഒഴുകിവരുന്ന panoramic view കാണാം.



    തോട്ടത്തിൽ കുറെ സമയം ചിലവഴിച്ച് ഞങ്ങൾ ഡാമിന്റെ മുകളിലോട്ട് പോയി. അതിലൂടെ വാഹനങ്ങൾ എല്ലാം പോകുന്നുണ്ട്. പകുതിദൂരം നടന്ന് ഞങ്ങൾ തിരികെ നടന്നു. ഡാമിനോട് ചേർന്നുള്ള കരികാലചോളൻ സ്മാരകത്തിലേക്കാണ് പിന്നീട്  ഞങ്ങൾ പോയത്. അവിടെ തോട്ടത്തിൽ ആനപ്പുറത്തുള്ള കരികാലചോളന്റെ ഒരു പ്രതിമ ചെന്നപ്പോഴേ കണ്ടിരുന്നു. എന്നാൽ സ്മാരകമന്ദിരത്തിന്റെ അകത്ത് അതെ വലിപ്പത്തിൽ ആ പ്രതിമ ചെമ്പിൽ പണിതുവെച്ചിരുന്നു.



    അതുകൂടാതെയും ചില ശില്പങ്ങൾ പ്രദർശിപ്പിച്ചിരുന്നു. അവിടെ നിന്നും പുറത്തോട്ടിറങ്ങിയപ്പോൾ ആകെ ബഹളവും സ്ത്രീകളുടെ കരച്ചിലുമൊക്കെ കേട്ടു. തഞ്ചാവൂർ കണ്ട മഞ്ഞ വസ്ത്രത്തിൽ ഉള്ള തീർത്ഥാടകർ ആണ് കരയുന്നത്. അവരുടെ കൂടെ ഉള്ള 23 വയസ്സുള്ള പയ്യൻ പുഴയിൽ കുളിക്കാൻ ഇറങ്ങിയിട്ട് മുങ്ങി മരിച്ചത്രേ. അവിടത്തെ മൊത്തം അന്തരീക്ഷം മാറി. ഞങ്ങളും അല്പം മൂഡ് ഓഫ് ആയി. പിന്നീട് അധികനേരം നില്കാതെ ഞങ്ങൾ ശ്രീരംഗത്തോട്ട് തിരിച്ചു. 



    ട്രിച്ചി നഗരപരിധിയിലോട്ട് കടന്നതും വലിയ വലിയ കെട്ടിടങ്ങളും മറ്റും കാണാൻ തുടങ്ങി. ഹൈവേയിലെ ഒരു ഹോട്ടലിൽ കയറി ഞങ്ങൾ ഭക്ഷണം കഴിച്ചു. ഒരുപാട് കറികളും ഐസ് ക്രീമും ഒക്കെ ആയി നല്ല ഉഷാർ ഊണ് ആയിരുന്നു. ശ്രീരംഗത്തോട്ട് പോകും വഴി ട്രിച്ചി അടുത്ത് മലക്കോട്ട എന്ന ഒരു ഹനുമാൻ ക്ഷേത്രം കണ്ടിരുന്നു. മലകയറേണ്ടതിനാൽ ഞങ്ങൾ അത് bucket listൽ നിന്നും ഒഴിവാക്കിയതാണ്. ശ്രീരംഗം എത്താറായപ്പോൾ റെയിൽവേ സ്റ്റേഷൻ കണ്ടു. പിന്നീട് അമ്പലത്തിന്റെ ഗോപുരങ്ങൾ കണ്ടുതുടങ്ങി. പാർക്കിംഗ് സൗകര്യത്തിനായി അമ്പലം ചുറ്റി  വേറൊരു സൈഡിലാണ് കാർത്തിക് ഞങ്ങളെ ഇറക്കിയത്. അവിടെ ചെന്നപ്പോൾ അതൊരു വേറെ ലോകമായിരുന്നു. 


ശ്രീ രംഗനാഥസ്വാമി ക്ഷേത്രം, ശ്രീരംഗം 


ഞങ്ങൾ കയറിയ എൻട്രൻസ്ൽ വലിയ തിരക്ക് ഇല്ലായിരുന്നു. അകത്തു കടന്നപ്പോൾ താഴെ മണൽ ആയിരുന്നു. എന്തോ പരിപാടി കഴിഞ്ഞതിന്റെയോ അതോ നടക്കാനിരിക്കുന്നതിന്റെയോ ഒരു പന്തൽ അവിടെ ഉണ്ടായിരുന്നു. മൊത്തം ഏഴ് ചുറ്റുമതിലുകൾക്കുള്ളിൽ ആണ് അമ്പലം.



    പല ഉയരത്തിലായ ഇരുപത്തൊന്നു ഗോപുരങ്ങൾ ഉണ്ട് ക്ഷേത്രത്തിന്. പതിമൂന്ന് നിലകളിലായി 72 മീറ്റർ ഉയരമുള്ള തെക്കേഭാഗത്തെ  രാജഗോപുരം ഏഷ്യയിലെ ഏറ്റവും ഉയരമുള്ള ഗോപുരമായി കണക്കാക്കപ്പെടുന്നു. 156 ഏക്കറിൽ പരന്നു കിടക്കുന്ന ക്ഷേത്രം ലോകത്തിലെ നിത്യപൂജ നടക്കുന്ന ഏറ്റവും വലിയ ഹിന്ദുക്ഷേത്രമാണ്. ഏറ്റവും വലിയതായ  കമ്പോഡിയയിലെ അങ്കോർ വാറ്റ് ക്ഷേത്രത്തിൽ പൂജ  ഇല്ല. 


Various sculptures at temple
Various works at temple

    ഞങ്ങൾ അകത്തോട്ട് കടക്കും തോറും തിരക്ക് വർധിച്ചുവരികയായിരുന്നു. ഒരു ഹെൽപ് ഡെസ്കിൽ പോയി ക്യാമറ ഫീസ് 50 രൂപ അടച്ചു. അപ്പോൾ അവിടെ ഉള്ള ഒരാൾ view point ന്റെ ടിക്കറ്റ് എടുക്കുന്നില്ലേ എന്ന് ചോദിച്ചു. അതെന്താണ് എന്ന് അന്വേഷിച്ചപ്പോൾ മുകളിൽ കയറി അമ്പലം മുഴുവനായി കാണാനുള്ള സൗകര്യം ഉണ്ടെന്നു പറഞ്ഞു. അങ്ങനെ 20 രൂപയുടെ ആ ടിക്കറ്റും എടുത്തു മേലെ കയറി. അമ്പലം മുഴുവനായി കാണാനായില്ലെങ്കിലും ഒരു വ്യത്യസ്തമായ ദൃശ്യം അവിടെ നിന്നും കാണാൻ സാധിച്ചു. 


Various towers seen from the view point


    താഴെ വന്നു ഓരോ ഭാഗങ്ങളായി നടന്നു കണ്ടു. അകത്തു കുറെ കടകളെല്ലാം ഉണ്ട്. ചില കടകളിൽ അടുക്കളയിലോട്ടുള്ള പാത്രങ്ങൾ പോലും വിൽക്കുന്നുണ്ടായിരുന്നു. കുറെ നടന്നിട്ട് ഞങ്ങൾ തിരക്ക് കുറഞ്ഞ ഒരു ശ്രീകോവിലിന് അടുത്തായി കുറച്ചു നേരം ഇരുന്നു. ക്ഷേത്രം മുഴുവനായി കാണാൻ ഞങ്ങൾക്ക് സാധിച്ചെന്നു തോന്നുന്നില്ല. ഒരു നടപ്പാതയിലൂടെ നടന്ന് ഞങ്ങൾ ഏകദേശം പുറത്ത് എത്താറായി എന്ന് തോന്നി. തിരിച്ചു പോരാം എന്ന് തീരുമാനിച്ച ശേഷം ഏകദേശം 40 മിനിട്ടോളം എടുത്തു ഞങ്ങൾക്ക് വന്ന വഴിയിലൂടെ പുറത്തുകടക്കാൻ എന്നത് ചിന്തിക്കേണ്ട വസ്തുതയാണ്. 


A portion of temple

    തിരിച്ച് ഞങ്ങൾക്ക് ടിക്കറ്റ് തഞ്ചാവൂർന്ന് ആയിരുന്നു എങ്കിലും ഞങ്ങൾ തിരികെ അത്രയും ദൂരം പോകാതെ ട്രിച്ചി സ്റ്റേഷനിൽ നിന്നുമാണ് ട്രെയിൻ പിടിച്ചത്. ട്രിച്ചി വളരെ വലിയ സ്റ്റേഷൻ ആയിരുന്നു. ഇനി വരുകയാണെങ്കിൽ ഇത്തവണ ചെയ്തതിന്റെ നേരെ തിരിച്ച്, അതായത് ട്രിച്ചിയിൽ സ്റ്റേ ചെയ്ത് തഞ്ചാവൂർ സന്ദർശിക്കുന്നതാകും കൂടുതൽ സൗകര്യം എന്ന് തോന്നി. കൂടുതൽ ഹോട്ടലുകളും  മറ്റും ട്രിച്ചിയിൽ ആണ് ഉള്ളത്. അങ്ങനെ ഞങ്ങടെ തഞ്ചാവൂർ യാത്ര അവസാനിച്ചു. 

Tuesday, July 28, 2020

ഒരു തഞ്ചാവൂർ യാത്ര - ഭാഗം ഒന്ന്

    സാധാരണ കൂടെ ഉണ്ടാകാറുള്ള സുഹൃത്തുക്കൾക്ക് ഒരോരൊ കാരണങ്ങളായി വരാൻ കഴിയാതെ വന്നപ്പോൾ ഇതൊരു പക്കാ ഫാമിലി ട്രിപ്പ് ആയി മാറി. അങ്ങനെയാണ് destination തഞ്ചാവൂർ ആകുന്നത്


    തഞ്ചാവൂർ … ക്ഷേത്രനഗരി … കഴിഞ്ഞ ഡിസംബറിൽ ആണ് യാത്ര. ഇരിഞ്ഞാലക്കുട നിന്നും കാരൈക്കൽ എക്സ്പ്രസ്സ്ൽ രാത്രി പതിനൊന്നിന് യാത്ര തിരിച്ചു. സ്റ്റേഷനിൽ എത്താൻ നേരം റയിൽവെയുടെ മെസ്സേജ്. 3AC ടിക്കറ്റ്, 2AC ആയി അപ്ഗ്രേഡ് ആയിരിക്കുന്നുന്ന്. അങ്ങനെ ട്രെയിനിൽ ഞങ്ങൾ മൂന്നുപേരും മാത്രം ഒരു കൂപയിൽ. അതുകൊണ്ട് മൂന്നു വയസ്സുള്ള മോള് വീട്ടിൽ ആണെന്ന പോലെ ഉറങ്ങാതെ കളിയായിരുന്നു. 


തലൈവരും തലൈവിയും റെയിൽവേസ്റ്റേഷന് മുൻപിൽ


    
രാവിലെ ഒൻപതുമണി കഴിഞ്ഞു തഞ്ചാവൂർ എത്തിയപ്പോൾ. ട്രെയിൻ ഇറങ്ങി പ്ലാറ്റുഫോമിൽ നിന്ന് ഒരു ചായ കുടിച്ച് ആ ചായക്കടക്കാരനോട് തന്നെ ഹോട്ടലിന്റെയും അമ്പലത്തിന്റെയും മറ്റും വിവരങ്ങൾ തിരക്കി. സ്റ്റേഷന്റെ അടുത്ത് രണ്ട് മെയിൻ ഹോട്ടലുകൾ ആണ് പറഞ്ഞത്. ഞങ്ങൾ അങ്ങോട്ട് നടന്നുപോയി. ആദ്യത്തേതിൽ റൂം ഒഴിവ് ഇല്ലായിരുന്നു.  രണ്ടാമത്തെ ഗണേഷ് ഭവൻ എന്ന ഹോട്ടലിൽ ഞങ്ങൾ റൂമെടുത്തു.
ഒരു ദിവസത്തിന് 900 രൂപ. ഒരു ആവറേജ് ഹോട്ടൽ ആയിരുന്നു. ഞങ്ങൾ എല്ലാരും കുളിച്ച് തയ്യാറായപ്പോഴേക്കും പന്ത്രണ്ടുമണി കഴിഞ്ഞിരുന്നു. നേരെ ഉച്ചയൂണ് കിട്ടുന്ന സ്ഥലം തിരക്കി ഇറങ്ങി. ഒരു ഹോട്ടൽ രാം നിവാസ് ആണ് എല്ലാരും പറഞ്ഞത്, വെജിറ്റേറിയൻ ഊണിന്. അങ്ങിനെ അങ്ങോട്ട് നടന്നു. സ്റ്റേഷന് അടുത്തുതന്നെ ആണ് രാം നിവാസ്. ചെറിയ ഹോട്ടലാണ്.  പക്ഷെ ഊണ് തരക്കേടില്ലായിരുന്നു. 


Lunch at Sree Ram Nivas Hotel


    ഊണ് കഴിഞ്ഞ് ഞങ്ങൾ കറക്കം തുടങ്ങി. റോയൽ പാലസ് മ്യൂസിയവും ബ്രിഹദീശ്വരക്ഷേത്രവും കാണുക എന്നതാണ് ഇന്നത്തെ അജണ്ട. റെയിൽവേ സ്റ്റേഷന്റെ മുൻപിൽ നിന്നും ഓട്ടോ വിളിച്ച് നേരെ റോയൽ പാലസ് മ്യൂസിയത്തിലേക്ക് പോയി. അവിടെ എത്തിയപ്പോൾ ഒന്ന് മുതൽ രണ്ടുവരെ ബ്രേക്ക് ആണ്. കുറച്ചു നേരം അവിടെ ഒരു മരത്തണലിൽ കാത്തിരുന്നു. അവിടെ ഒരു information board ഉണ്ടായിരുന്നു. കാണാൻ പല പല സ്ഥലങ്ങളുള്ള ഒരു സമുച്ചയമാണ് ഇവിടം.


Various displays at Art Gallery



    
ഓരോന്നിന്റെയും ലൊക്കേഷൻ കാണിക്കുന്ന ഒരു
Layout map അവിടെ ഉണ്ടായിരുന്നു. അപ്പോഴാണ് സെക്യൂരിറ്റി വന്നു പറയുന്നത് എല്ലാ സ്ഥലങ്ങൾക്കും ടിക്കറ്റ് വേണ്ടാ അതുകൊണ്ട് അല്ലാത്ത സ്ഥലങ്ങൾ പോയി കാണാമെന്ന്. 





    അങ്ങനെ ഞങ്ങൾ നടക്കാൻ തുടങ്ങി. ദർബാർ ഹാൾ, സംഗീതമഹൽ, സരസ്വതി ലൈബ്രറി, ആർട് ഗാല്ലറി, ബെൽ ടവർ എന്നിവയെല്ലാം ആണ് പ്രധാനമായും കാണാനുള്ളത്. പിന്നെ ഒരു Audio Visual show യും ഉണ്ട്. ഓരോ ആർട് ഗാലറിയിലും കല്ലിൽ കൊത്തിയ ശില്പങ്ങളും ചെമ്പ് പിച്ചള ശില്പങ്ങളും പിന്നെ കുറെ പുരാതന ലിഖിതകങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. മുകളിലെ നിലയിൽ പ്രദർശിപ്പിച്ചിരിക്കുന്ന 92 അടി നീളമുള്ള തിമിംഗലത്തിന്റെ അസ്ഥികൂടം ശ്രദ്ധേയമാണ്. 

 A bronze Work at Museum



A Painting at Museum

                                                       

Bell Tower


    ഞങ്ങൾ നടന്നു കാണുന്നതിനിടക്ക് ചെറിയൊരു മഴയും കിട്ടി. ബെൽ ടവർന്റെ structure കുറച്ച് പടികൾ താഴോട്ടൊക്കെ ഇറങ്ങിച്ചെന്ന് വളരെ രസകരമാണ്. ചില ആളുകൾ അവിടെ കുടുംബത്തോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. ഞങ്ങളും അവിടെ അല്പസമയം ചിലവഴിച്ചു. ഒരുപാട് ഫോട്ടോസും എടുത്തു.




    അവിടെയുള്ള സർക്കാരിന്റെ craft shopൽനിന്നും ഷോപ്പിൽനിന്നും തഞ്ചാവൂർ തലയാട്ടുബൊമ്മയും മരത്തിൽ കൊത്തിയ രണ്ട് ചെറിയ കിളികളും വാങ്ങി. പിന്നീട് ഒരു ഓട്ടോ വിളിച്ച് പെരിയ കോവിൽ അഥവ  ബ്രിഹദീശ്വരക്ഷേത്രത്തിലേക്ക്… അവിടെ ചെന്ന് ഓട്ടോ ഇറങ്ങുമ്പോളെക്കും ഫീൽ ഒക്കെ മാറി. ആകെ തിരക്കാണ്. സന്ധ്യാനേരത്തെ ചായ കുടിക്കുക എന്ന ലക്ഷ്യത്തോടെ അമ്പലത്തിന് അല്പം മാറി ഒരു ഹോട്ടലിന് അടുത്താണ് ഇറങ്ങിയത്. അതൊരു പാർക്കിംഗ് ഗ്രൗണ്ടിനോട് ചേർന്നുള്ള സ്ഥലമായിരുന്നു. നിറയെ ബസുകളും മറ്റു വണ്ടികളും. ചായ self service ആണ്. അത് വാങ്ങി അവിടെ വരാന്തയിൽ ഉള്ള സോഫയിൽ ഇരുന്ന് കുടിച്ചു. ആകെ ഈച്ചയും മറ്റും. വേഗം കുടിച്ചു തീർത്ത് ക്ഷേത്രത്തിലേക്ക് നടന്നു. വഴിയിലെല്ലാം തഞ്ചാവൂരിന്റെ തനതായ തലയാട്ടു ബൊമ്മയും അതുപോലെ തന്നെ ആടുന്ന വേറൊരു പ്ലാസ്റ്റിക് ബൊമ്മയും വിൽപനക്കായി വെച്ചിരിക്കുന്നു.



    


                    First entrance                                                            Entering through first entrance


    ക്ഷേത്രത്തിനടുത്ത് എത്തിയപ്പോൾ ആദ്യം ഒരു കവാടഗോപുരം  കണ്ടു. അതിനടുത്ത് ചെരുപ്പ് സൂക്ഷിക്കാനുള്ള സൗകര്യം ഉണ്ട്. അവിടെയും നല്ല തിരക്കായിരുന്നു. ചെരുപ്പ് വെച്ചിട്ട് ഞങ്ങൾ അകത്തോട്ട് പ്രവേശിച്ചു. അപ്പോഴാണ് അവിടെ എഴുതിവെച്ചിരിക്കുന്ന നോട്ടീസ് ശ്രദ്ധിച്ചത്. അതായത് നാളെ ഗ്രഹണം ആയതിനാൽ പന്ത്രണ്ടരക്ക് ശേഷമേ ഭക്തർക്ക് പ്രവേശനം ഉണ്ടാകൂ. രാവിലത്തെ വെളിച്ചത്തിൽ ഉള്ള ഫോട്ടോഗ്രാഫി മോഹങ്ങൾ അപ്പോഴേ ഉപേക്ഷിച്ചു. നീലാകാശവും ചെങ്കല്ല് നിറമുള്ള ഗോപുരവുമായി കുറെ ഫ്രെയിംസ് മനസ്സിലുണ്ടായിരുന്നു. എല്ലാം ഗുദാ ഗവ!


                        Garden between first and second entrances                            Entering to temple

    ഉള്ളിലേക്ക് കടന്നപ്പോൾ ഒരു ഔട്ടർ കോംപൗണ്ടിലാണ് എത്തിയത്. മുൻപിൽ വീണ്ടും ഒരു കവാടഗോപുരം കാണാം. ഈ കോമ്പൗണ്ടിൽ നല്ല രീതിൽ ഉള്ള ഒരു പുൽത്തകിടിയും മറ്റുമുള്ള ഒരു തോട്ടം ഉണ്ട്. അവിടെ നിന്നും കുറച്ചു ഫോട്ടോസ് എടുത്തു. മതിലിലെ ചെറിയ പൊത്തുകളിൽ തത്തകൾ ഇരിക്കുന്നത് വളരെ രസകരമായി തോന്നി. അവിടെ അല്പസമയം ചിലവഴിച്ച് ഞങ്ങൾ അടുത്ത കവാടവും കടന്ന് അകത്തോട്ട് നടന്നു. 


         


    മുൻപിൽ “ശിവ ശിവ” എന്നെഴുതിയ വലിയ ബോർഡ് കാണാം. നിറയെ ഭക്തരാണ്‌ ഉള്ളിൽ. ചുവപ്പും മഞ്ഞയും വേഷത്തിലാണ് ഒട്ടുമിക്കവരും. ചിലർ പ്രദക്ഷിണം വെക്കുന്നു. ഒരുപാട് പേർ അകത്തുകയറി തൊഴാനുള്ള വരിയിൽ നിൽക്കുന്നു. ചിലർ അവിടുള്ള പുൽത്തകിടിയിൽ വിശ്രമിക്കുന്നു. അതിനിടയിൽ ഒരു വിദേശവനിത ഒരുഭക്തയുടെ കൂടെ നൃത്തച്ചുവടുകൾ വെച്ചത് കൗതുകകരമായ കാഴ്ചയായിരുന്നു.



 കുട്ടികൾ പുല്ലിൽ അങ്ങിങ്ങായി ഓടിക്കളിക്കുന്നു. തിരക്കാണെങ്കിലും വലിയ കോമ്പൗണ്ട് ആയതിനാൽ നല്ല സമാധാനമുള്ള അന്തരീക്ഷം. തുറന്ന സ്ഥലമായതുകൊണ്ട് ആളുകളുടെ ബഹളം പ്രതിധ്വനിക്കുന്ന അലോസരം ഇല്ലായിരുന്നു. ഫോട്ടോസ് എടുക്കുന്നതിനിടയിൽ മുത്തുക്കുടയൊക്കെ ചൂടി ഒരു പ്രദക്ഷിണം കടന്നുപോയി. ഒരുപാട് ഭക്തർ അനുഗമിക്കുന്നുമുണ്ടായിരുന്നു. ഞങ്ങളും കുറച്ചു സമയം പുൽത്തകിടിയിൽ ഇരുന്നു. 



    അല്പം കഴിഞ്ഞ് ഞങ്ങൾ അമ്പലത്തിന് ചുറ്റും നടന്നു കാണാൻ തുടങ്ങി. കുറച്ചു നാൾ മുൻപ് ഏഷ്യാനെറ്റ് പ്ലസിൽ ‘രാജശില്പി’ സിനിമ കണ്ടപ്പോൾ മുതൽ അവൾ പറയുന്നതാണ് ഒരു തഞ്ചാവൂർ യാത്ര. സിനിമയിലെ ഗാനരംഗങ്ങളിൽ കണ്ട പല ശില്പങ്ങളും ഞങ്ങൾ കണ്ടു. അതിനിടയിൽ ചെറുതായി മഴ ചാറാൻ തുടങ്ങി. ഞങ്ങൾ അൽപനേരം ക്ഷേത്രത്തിനു ചുറ്റും ഉള്ള ഇടനാഴിയിൽ ഇരുന്നു. അവിടെ ഗോപുരത്തിന് മുകളിലും ഒരുപാട് തത്തകൾ ഇരിപ്പുണ്ടായിരുന്നു. ഇടക്കിടക്ക് അവ കലപില കൂട്ടി ഒന്നിച്ച്‌ പറക്കുന്നത് രസകരമായ കാഴ്ചയാണ്.


    

    ഗോപുരത്തിന്റെ നിർമാണം ശരിക്കും അത്ഭുദം ആണ്. ഏകദേശം 80 ടൺ ഭാരം വരുന്ന ഒറ്റക്കല്ലിൽ തീർത്ത പ്രധാന മകുടം അത്രയും ഉയരമുള്ള ഗോപുരത്തിന്റെ മുകളിൽ ആ കാലത്ത് എങ്ങനെ എത്തിച്ചു എന്നത് ഇന്നും അജ്ഞാതമാണെന്ന് മുൻപ് എവിടെയോ വായിച്ചിരുന്നു. 


    മഴ നിന്നപ്പോൾ ഞങ്ങൾ പുറത്തോട്ട് പോന്നു. ചെരുപ്പ് കൗണ്ടറിന്റെ അടുത്ത് ചെറിയ കടകൾ ഒക്കെ ഉണ്ട്‌. ഞങ്ങൾ ഓരോ ഐസ് ക്രീം വാങ്ങി നടന്നു. അപ്പോഴും ക്ഷേത്രത്തിലോട്ട് ആളുകൾ വന്നുകൊണ്ടേയിരുന്നു. ഞങ്ങൾ പുറത്തെ പുൽത്തകിടിക്ക് അടുത്തിരുന്ന് ഐസ് ക്രീം കഴിച്ചു. തിരികെ റൂമിലേക്ക് ഓട്ടോ വിളിക്കണ്ട എന്ന് തീരുമാനിച്ച് ഞങ്ങൾ Google Maps നോക്കി നടന്നു. അതിനിടെ നാളത്തെ പ്രോഗ്രാമും ആലോചിച്ചു. തൃച്ചി പോകാനാണ് പ്ലാൻ. ശ്രീരംഗം ക്ഷേത്രവും കല്ലണ അണക്കെട്ടും കാണാൻ...