Thursday, May 19, 2022

ബേക്കൽ കോട്ടയിലേക്ക്…

രണ്ടായിരത്തിരണ്ടിൽ ജോലി കിട്ടിയ അന്ന് മുതൽ ഓരോ യാത്രയിലും തീവണ്ടിയിലിരുന്ന് കാണാൻ തുടങ്ങിയതാണ് ബേക്കൽ കോട്ട. അന്ന് തൊട്ട് കരുതുന്നതാണ് എന്നെങ്കിലും ഒരിക്കൽ അവധിക്ക് വരുമ്പോൾ ഇവിടെ ഇറങ്ങണം എന്ന്. പിന്നീടെന്നോ അറിഞ്ഞു ബോംബെ എന്ന മണിരത്നം ചിത്രത്തിലെ ഉയിരേ ഗാനരംഗത്തിൽ കാണുന്നതും ഇതേ കോട്ട തന്നെ ആണെന്ന്. അതോടെ ആഗ്രഹത്തിന്റെ ആക്കം കൂടിയെങ്കിലും ജോലിയിൽ നിന്നും വിരമിച്ച് അഞ്ചുവർഷം ആകാറായപ്പോഴാണ് കോട്ട കാണാൻ പോകുന്നത്. എല്ലാത്തിനും ഓരോ സമയമുണ്ടല്ലോ ദാസാ …
Fort entrance at the Bus stop
ഒരു രണ്ടാം ശനിയാഴ്ച്ച പോകാം എന്ന് പെട്ടെന്ന് തീരുമാനിക്കുകയായിരുന്നു. എന്റെ മൂന്നാമത്തെ സോളോ! ബുധനാഴ്ച്ച തീരുമാനിക്കുന്നു വ്യാഴാഴ്ച തത്ക്കാൽ എടുക്കുന്നു, വെള്ളിയാഴ്ച്ച പോകുന്നു. അത്താഴം കഴിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി അടുത്ത ദിവസം അത്താഴത്തിന് മുൻപേ വീട്ടിലെത്തി. അത്രയും ചെറിയൊരു സോളോ. തൃശൂർ നിന്നും ഒരുപാട് തീവണ്ടികൾ ഉണ്ടെങ്കിലും രാത്രി പന്ത്രണ്ട് അമ്പതിനും ഒന്നരക്കും രണ്ടേമുക്കാലിനും ഉള്ള വണ്ടികളിൽ ഏതെങ്കിലും ഒന്ന് ആയിരിക്കും ഒരുദിവസത്തെ യാത്രക്ക് നല്ലത്. രാവിലെ ആറിന് കാഞ്ഞങ്ങാട് എത്തുന്ന പന്ത്രണ്ടേ അമ്പതിന്റെ വണ്ടി ആകും ഏറ്റവും നല്ലത്. എനിക്ക് രണ്ടേമുക്കാലിന്റെ വണ്ടിയിലേ ടിക്കറ്റ് കിട്ടിയുള്ളൂ. അത് അവിടെ ഒൻപതരയ്ക്ക് ആണ് എത്തിയത്. വണ്ടി ഇറങ്ങിയ ഉടനെ ഗൂഗിളിൽ ഫുഡ് അന്വേഷിച്ചപ്പോ അറുന്നൂറ് മീറ്ററിൽ ഒരു ഇന്ത്യൻ കോഫീ ഹൗസ് കാണിച്ചുതന്നു. നേരെ അങ്ങോട്ട് നടന്നു. ഒരു ഷോപ്പിംഗ് കോംപ്ലെക്സിന്റെ ഒന്നാം നിലയിൽ ആണ് കോഫി ഹൗസ്. ആദ്യമായാണ് ഒന്നാം നിലയിൽ ഒരു ഹോട്ടൽ കാണുന്നത്. കേറിച്ചെന്ന് ഒരു മസാല ദോശയും ചായയും കഴിച്ചു. കടക്കാരനോട് കോട്ടയിലേക്ക് പോകാനുള്ള വിവരങ്ങൾ തിരക്കി. നേരെ റോഡിലോട്ട് കയറിയാൽ കെ എസ് ആർ ടി സി കിടപ്പുണ്ടാകും, ചന്ദ്രഗിരി വഴി പോകുന്നതിൽ കയറണം എന്ന് പറഞ്ഞു. അദ്യം കണ്ട ബസിൽ തന്നെ കയറി. ഇരുപത് രൂപയുടെ ടിക്കറ്റ് എടുത്ത് കോട്ട എത്തിയാൽ പറയണം എന്നും പറഞ്ഞു. കൃത്യം പതിനഞ്ചു മിനിട്ടിൽ സ്ഥലം എത്തി. കോട്ടയുടെ കവാടത്തിൽ തന്നെ ആണ് ബസ് സ്റ്റോപ്പ്. അവിടെ തന്നെ ഒരു ഓട്ടോ സ്റ്റാൻഡ് ഉണ്ട്. ഒരു പച്ചക്കറി കടയും കണ്ടു. വലിയ കവാടം കടന്ന് നടപ്പാതയിലൂടെ മുൻപോട്ട് നടന്നു. ഇരുവശത്തും വീടുകളും സ്കൂളും ഒരു ക്ഷേത്രവും കണ്ടു. ഒരു മുന്നൂറ് മീറ്ററോളം നടന്നപ്പോൾ പാർക്കിങ്ങിൽ എത്തി. അവിടെ നിറയെ കടകൾ ഉണ്ട്. തൊപ്പികളും കളിപ്പാട്ടങ്ങളും ചെറിയ സ്‌നാക്‌സും ചായ കാപ്പി ശീതളപാനീയങ്ങൾ ഒക്കെ കിട്ടുന്ന ചെറിയ കടകൾ.
Fort Entrance
അല്പം കൂടെ മുന്നോട്ട് നടന്ന് കോട്ടയുടെ മതിൽക്കെട്ടിനകത്താണ് ടിക്കറ്റ് കൌണ്ടർ ഉള്ളത്. അതിനു തൊട്ട് മുൻപായി ഒരു ക്ഷേത്രം ഉണ്ട്. ശ്രീ മുഖ്യപ്രാണക്ഷേത്രം എന്നാണ് അവിടെ പേര് എഴുതിയിട്ടുള്ളത്. മതിൽക്കെട്ടിനു പുറത്ത് ഒരു മുസ്ലിം പള്ളിയും കണ്ടിരുന്നു. എന്തായാലും ഒരു മൈത്രി ഉള്ള മേഖല ആണെന്ന് മനസ്സിലായി. 25 രൂപയുടെ ടിക്കറ്റ് എടുത്ത് അകത്തുകയറി. ക്യാമറ സൗജന്യമായി ഉപയോഗിക്കാം എന്നത് സൗകര്യമായിത്തോന്നി.
Temple at the fort entrance
പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ശിവപ്പ നായ്ക്ക് ആണ് കോട്ടയുടെ പണി പൂർത്തിയാക്കിയതെന്ന് കരുതപ്പെടുന്നു. പിന്നീട് മൈസൂർ രാജാവ് ഹൈദർ അലി കീഴ്പ്പെടുത്തിയ കോട്ട വളരെ കാലം ടിപ്പുവിന്റെ ആയുധശേഖരസ്ഥലം ആയിരുന്നു. ടിപ്പുവിന്റെ പരാജയത്തിന് ശേഷം കോട്ട ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിലായി.
Guard post over the fort wall
ബേക്കൽ കോട്ട തീർത്തും കാവലിനായി നിർമ്മിച്ചതായതിനാൽ ഇതിനകത്ത് കൊട്ടാരങ്ങളോ താമസസൗകര്യങ്ങളോ ഇല്ലായിരുന്നു. ഏതാണ്ട് മൂന്ന് ഭാഗവും കടലിനോട് ചേർന്ന് കിടക്കുന്ന കോട്ടയ്ക്കകത്ത് ആയുധപ്പുരകളും വെള്ളം ശേഖരിക്കാൻ വലിയ കിണറുകളും നിരീക്ഷണഗോപുരങ്ങളും ആണ്. ശത്രുക്കളുടെ ആക്രമണം ഉണ്ടായാൽ രക്ഷപ്പെടുന്നതിനുള്ള ഭൂഗർഭമാർഗ്ഗത്തിലേക്കുള്ള ചില പടവുകളും കണ്ടിരുന്നു.
Underground passage entry steps
ടിക്കറ്റ് എടുത്ത് അകത്തുകയറിയ ഞാൻ നേരെ വലത്തോട്ട് കോട്ടമതിലിനോട് ചേർന്ന് നടന്നു. മുൻപോട്ട് നടന്നുചെല്ലുന്തോറും കടലിന്റെ ഇരമ്പൽ കേട്ട് തുടങ്ങി. മനസ്സ് നിറയെ അരവിന്ദ് സാമി ഫുൾസ്ലീവ് ടീഷർട് ഇട്ട് ഓടിനടക്കാണ്. ഇന്നലെ മുതൽ ഈ പാട്ട് റിപീറ്റ്‌ മോഡിൽ ആണ്. മുൻപോട്ട് നടന്ന് നടന്ന് ഒരു നിരീക്ഷണഗോപുരം എത്തി. അതിന്റെ തുറന്ന ഭാഗത്തുകൂടെ താഴെ അലയടിക്കുന്ന കടൽ കണ്ടു. ഓ… എത്ര മനോഹരം. മഴകൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി. പക്ഷെ ഇന്നലെ മുഴുവൻ ഇന്ന് മഴ ഉണ്ടാകല്ലേ എന്നായിരുന്നു പ്രാർത്ഥന. നാട്ടിൽ ഒരാഴ്ചയായി നല്ല മഴയാണ്. ഇന്ന് മഴ പെയ്താൽ ക്യാമറ പുറത്തെടുക്കാനാകില്ലല്ലോ.
Path along the fort wall
ഇത്തവണ റ്റെലിലെൻസ് കൊണ്ടായിരുന്നു വന്നത്. ചിത്രദുർഗയിൽ പറ്റിയ അബദ്ധം ഇവിടെ ഉണ്ടാകരുതല്ലോ. അന്ന് ട്രാവൽ ലെന്സ് മാത്രം എടുത്തതുകൊണ്ട് അപ്രതീക്ഷിതമായി കണ്ട കുറെ പക്ഷികളുടെ ചിത്രങ്ങൾ എടുക്കാനായില്ലായിരുന്നു. അതുകൊണ്ട് ഇത്തവണ കോട്ടയുടെ ചിത്രങ്ങൾ ഐഫോണിലും ക്യാമറയിൽ റ്റെലിലെന്സും മതി എന്ന് തീരുമാനിച്ചിരുന്നു. കോട്ടയ്ക്കകത്ത് കടന്നപ്പോൾ മുതൽ മയിലുകളുടെ കരച്ചിൽ കേൾക്കുന്നുണ്ട്. രണ്ടുമൂന്നെണ്ണത്തിനെ കണ്ടു. ഒന്ന് പീലി നിവർത്തി നില്പുണ്ടായിരുന്നു. ചെടികൾക്കിടയിൽ ആയിരുന്നതിനാൽ ഫോട്ടോ എടുക്കാൻ നിൽക്കാതെ ആ കാഴ്ച ആസ്വദിച്ച് മുൻപോട്ട് നടന്നു.
the Top of main Watch Tower built by Tipu Sultan
40 ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ബേക്കൽ കോട്ട കേരളത്തിലെ ഏറ്റവും വലിയ കോട്ട ആണത്രേ. കോട്ടമതിലിൽ നിറയെ തോക്കുകളും പീരങ്കികളും വെക്കാനുള്ള തുളകൾ കാണാം. കോട്ടയ്ക്കകത്ത് ഒരു ആഞ്ജനേയക്ഷേത്രം ഉണ്ട്. പുറത്തുള്ള മുസ്ലിം പള്ളി ടിപ്പുവിന്റെ കാലത്തെ നിർമിതി ആണ്. കോട്ടയുടെ ചുറ്റുമതിലിലൂടെ മുഴുവനായി നടന്ന് ഞാൻ കവാടത്തിനടുത്തെത്തി. പിന്നീട് കോട്ടയുടെ ഉള്ളിലൂടെ ഉള്ള നടപ്പാതയിലൂടെ നടന്നു.
steps to the Well
the Well
അല്പം നടന്നപ്പോൾ കല്ലുകൾ വെച്ച് കെട്ടിയ മനോഹരമായ പടവുകളോടുകൂടിയ ഒരു കിണർ കണ്ടു. അതിനോട് ചേർന്നാണ് ടിപ്പു പണിതീർത്ത ഏറ്റവും ഉയരമുള്ള നിരീക്ഷണഗോപുരം. ഇതിന് ഏതാണ്ട് 24 മീറ്റർ ചുറ്റളവും 9 മീറ്റർ മേലെ ഉയരവും ഉണ്ട്. ആളുകളെല്ലാം അതിനു മുകളിൽ നിന്നും ഫോട്ടോസ് എടുക്കുന്ന തിരക്കായിരുന്നു.
view of main watch tower
ഞാൻ താഴോട്ട് നോക്കി നിൽക്കുന്നതിനിടയിൽ താഴെ മരത്തിൽ ചില അനക്കങ്ങൾ കണ്ടു. ഒരു ആനറാഞ്ചി പറന്നു വന്നിരുന്നപ്പോൾ മറ്റേതോ രണ്ടു പക്ഷികൾ പറന്നു. പിന്നീട് അവറ്റകളെ കണ്ടില്ല. ഞാൻ ആ മരത്തിലോട്ട് തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു. അല്പം കഴിഞ്ഞപ്പോൾ വീണ്ടും അനങ്ങി. അവിടെ ഒരു ചെമ്പുകൊട്ടിയെ (Coppersmith Barbet) കണ്ടു. മുകളിൽ നിന്നും നല്ല ചിത്രം എടുക്കാവുന്ന ദൂരം ആയിരുന്നില്ല. താഴെ ഇറങ്ങിയപ്പോൾ ഒരു വയൽവരമ്പൻ (Paddyfield pipit) ഉണ്ടായിരുന്നു. ഇതുകൂടാതെ പലയിടത്തായി ചെങ്കണ്ണിതിത്തിരികൾ അടയിരിക്കുന്നത് കണ്ടിരുന്നു. മയിലിന്റെ കരച്ചിലുകൾ തുടർന്നുകൊണ്ടേ ഇരുന്നു. സന്ദർശകരായ കുട്ടികൾ കൗതുകത്തോടെ ചുറ്റും നോക്കുന്നുണ്ടായിരുന്നു. കോട്ടയ്ക്കകത്ത് ധാരാളം മാവുകൾ കാച്ചുനിൽപ്പുണ്ട്. അതിനിടയിൽ ചെറിയ കൊക്കുകൾ നടക്കുന്നു. പെട്ടെന്നാണ് ഒരു കാലിമുണ്ടി എന്തോ ചാടി കൊത്തുന്നത് കണ്ടത്. ഒരു അരണയെയോ മറ്റോ പിടിച്ച് കുടഞ്ഞ് തിന്നുകയായിരുന്നു.
Gun posts
അല്പം മാറി അവിടെ ഒരിടത്ത് കുടിവെള്ളത്തിന്റെ പൈപ്പ് ഉണ്ടായിരുന്നു. ഞാൻ കുപ്പിയിലെ വെള്ളം കുടിച്ച് അവിടെ നിന്നും വീണ്ടും വെള്ളം നിറച്ച് ഒരു മരത്തിന്റെ ചുവട്ടിൽ അൽപനേരം വിശ്രമിച്ചു. പുൽതൊട്ട് കടന്നപ്പോൾ ഉച്ചയൂണിന് നേരമായെങ്കിലും ഒന്നും കഴിക്കാൻ തോന്നിയില്ല. ഒരു ജ്യൂസ് കുടിക്കാമെന്ന് കരുതി അടുത്ത് കണ്ട കഫേയിൽ കയറി. കറന്റ് ഇല്ലാത്തതുകൊണ്ട് ജ്യൂസ് ഉണ്ടാക്കാൻ നിർവാഹമില്ല. അങ്ങനെ ഒരു ഫ്രൂട്ട് സലാഡ് കഴിച്ച് അവിടെ നിന്നും ഇറങ്ങി. മൂന്നരക്കാണ് ട്രെയിൻ. അൽപനേരം ബേക്കൽ ബീച്ചിൽ പോയിരുന്ന് തിരികെ കാഞ്ഞങ്ങാട് സ്റ്റേഷനിലേക്ക് കെ എസ് ആർ ടി സി കയറി. തിരിച്ചെന്തോ പതിനെട്ട് രൂപയെ ആയുള്ളൂ. അതെന്താവോ രണ്ടുരൂപ കുറഞ്ഞത്. ബസിറങ്ങുമ്പോഴേക്കും മഴ ചാറിത്തുടങ്ങിയിരുന്നു. കുട ചൂടി പതുക്കെ സ്റ്റേഷനിലേക്ക്. ട്രെയിൻ വൈകില്ലെന്നാണ് കാണിക്കുന്നത്. അരമണിക്കൂർ മേലെ ഉണ്ട്. ഒരു ചായ കുടിച്ചിരുന്ന് ആലോചിച്ചു. അടുത്ത യാത്ര എങ്ങോട്ട്…  



No comments:

Post a Comment