യാത്രക്ക് മുൻപുള്ള ഞങ്ങളുടെ ചർച്ചകളെല്ലാം പൊതുവെ ഗോവയിൽ ആണ് ചെന്ന് നിൽക്കാറ്. ഇത്തവണ അത് മാറ്റിപ്പിടിച്ച് കുംടയിലൊട്ട് ആക്കി. ഉത്തരകന്നടയുടെ ഒരു പേജിലാണ് ഈ സ്ഥലത്തെ കുറിച്ചറിയുന്നത്. കൊങ്കൺ റെയിൽവേയിലെ ഒരു സ്റ്റേഷൻ ആണ് കുംട. അതുകൊണ്ടു തന്നെ നാട്ടിൽനിന്നും ദിവസേന വണ്ടികളുണ്ട്. ഞങ്ങൾ രാവിലത്തെ ട്രെയിനിൽപോയി വൈകിട്ട് മുരുഡേശ്വറിൽ തൊഴുതതിനു ശേഷമാണ് കുംട്ടക്കു പോയത്. കുംടയിൽ ഹോട്ടൽ വൈഭവ്പാലസിൽ രാത്രി റൂം എടുത്ത് രാവിലെ ആണ് ട്രിപ്പ് തുടങ്ങുന്നത്.
![]() |
| Mirjaan Fort |
ടാക്സി തലേന്നുതന്നെ പറഞ്ഞിരുന്നു. മിർജാൻ ഫോർട്ട് , യാന ഗുഹാക്ഷേത്രം പിന്നീട് സമയം ഉണ്ടെങ്കിൽ ജോഗ് വെള്ളച്ചാട്ടം എന്നിവയാണ് ഞങ്ങൾ കാണാൻ ഉദ്ദേശിച്ചിരുന്ന സ്ഥലങ്ങൾ. രാവിലെ എട്ടുമണിക്ക് ഞങ്ങൾ യാത്ര തുടങ്ങിയിരുന്നു. ആദ്യം മിർജാൻ കോട്ടയിലേക്കാണ് പോയത്. അവിടെ പ്രവേശനം സൗജന്യം ആയിരുന്നു. ഒരു സെക്യൂരിറ്റി ഉണ്ടായിരുന്നു. രാവിലെ നേരത്തെ ആയതിനാൽ ഞങ്ങളും വേറൊരു കൂട്ടരും മാത്രമേ ഉണ്ടായിരുന്നുള്ളു. അത്യാവശ്യം വലിപ്പമുള്ള ഒരു ഫോർട്ട് ആയിരുന്നു. ASIയുടെ സംരക്ഷണത്തിൽ ആണെങ്കിലും കാര്യമായ ശ്രദ്ധ ഇവിടേക്ക് കിട്ടുന്നുണ്ടെന്നു തോന്നിയില്ല. പതിനാറാം നൂറ്റാണ്ടിൽ വിജയനഗരസാമ്രാജ്യത്തിനു കീഴിൽ അധികാരത്തിലുണ്ടായിരുന്ന ചെന്നഭൈരദേവിറാണിയാണ് കോട്ട പണികഴിപ്പിച്ചത് എന്ന് കരുതപ്പെടുന്നു.
![]() |
| Mirjaan Fort |
4.1 ഹെക്ടർ (10 acres) സ്ഥലത്താണ് ഈ കോട്ട നിർമ്മിച്ചിരിക്കുന്നത്. ചെങ്കല്ലു കൊണ്ടാണ് നിർമ്മാണം. ഉയർന്ന മതിലുകളും കൊത്തളങ്ങളും ഒരു പ്രധാനകവാടവും മൂന്ന് ഉപ കവാടങ്ങളുമടക്കം നാലു പ്രവേശന കവാടങ്ങളുമുണ്ട്. കോട്ടയെ ചുറ്റിയുള്ള കിടങ്ങുമായി ബന്ധപ്പെടുന്ന തുരങ്കങ്ങളാൽ പരസ്പരം ബന്ധിപ്പിക്കപ്പെട്ട നിരവധി കിണറുകൾ കോട്ടയ്ക്കകത്തുണ്ട്. ഓരോ പ്രവേശന കവാടത്തിലും അകത്തേക്ക് പ്രവേശിക്കാനായി വീതിയേറിയ പടികളുണ്ട്. ഇരട്ട ഭിത്തിയുള്ള കോട്ടയുടെ കൊത്തളങ്ങളിൽ നിരീക്ഷണ ഗോപുരങ്ങളുണ്ടായിരുന്നു. അവ ഏതാണ്ട് ജീർണാവസ്ഥയിലായിരുന്നെങ്കിലും പുരാവസ്തു വകുപ്പ് അവ പുനർനിർമിച്ചുകൊണ്ടിരിക്കുകയാണ്.
![]() |
| Mirjaan Fort |
നിലവിൽ കാണപ്പെടുന്ന അവശിഷ്ടങ്ങൾ രഹസ്യപാത, ദർബാർ ഹാൾ, ചന്ത എന്നിവയുടേതാണെന്ന് അനുമാനിക്കപ്പെടുന്നു. ഹിന്ദു ദൈവങ്ങളുടെ ശിലാ രൂപങ്ങൾ ഒരു വലിയ മരത്തിനു ചുവട്ടിൽ കാണാം. ആ മരത്തിനു ചുറ്റും ചെറിയ ചെടികളും പൂക്കളുമൊക്കെ ഉണ്ടായിരുന്നു. മഴക്കുശേഷം പോയതുകൊണ്ടാകാം കോട്ടക്കകത്തു നിറയെ പച്ച പുല്ലായിരുന്നു. കോട്ടമതിലിലെ ആ പച്ചപ്പ് മനോഹാരിത കൂട്ടി. അവിടെ നിയമവിരുദ്ധ പ്രവൃത്തികൾ ഉണ്ടായിരുന്നെന്നും ഒരു കിണറ്റിൽ നിന്നും ആരുടെയോ മൃതദേഹം കിട്ടിയിട്ടുണ്ടെന്നും മറ്റും ആ സെക്യൂരിറ്റി പറയുന്നുണ്ടാർന്നു. ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ച ശേഷം ഞങ്ങൾ യാനയിലേക്കു തിരിച്ചു.
യാനയിൽ ഞങ്ങൾ ഒരു പതിനൊന്ന് മണിയോടെ എത്തി. കുംടയിലെ കാടുകളോട് ചേർന്ന് കിടക്കുന്ന ഒരു ഗ്രാമമാണ് യാന. ഇത് കർണാടകയിലെ ഏറ്റവും വൃത്തിയുള്ളതും ഇന്ത്യയിലെ രണ്ടാമത്തെ വൃത്തിയുള്ളതുമായ ഗ്രാമമായി കണക്കാക്കപ്പെടുന്നു. ഇവിടെ വലിയ രണ്ടു പാറകൾ ആണുള്ളത്. ഒന്നിൽ ഒരു ഗുഹാക്ഷേത്രവും ഉണ്ട്. കറുത്ത ചുണ്ണാമ്പുകല്ലുകൾ രൂപാന്തരപ്പെട്ടുണ്ടായ പടുകൂറ്റൻ പാറകൾ കാണുന്നത് തീർത്തും അത്ഭുദമായി തോന്നി. പാർക്കിംഗ് ഏരിയയിൽ നിന്നും കഷ്ടിച്ചു അര കിലോമീറ്റർ നടക്കാനുണ്ട് ഗുഹയിലോട്ട്. മഴ പെയ്ത് മണ്ണിടിഞ്ഞ് റോഡ് മോശമായതിനാൽ കുറച്ചു കൂടെ പുറകിലായി ഞങ്ങളുടെ വണ്ടി നിർത്തേണ്ടി വന്നു. നേരം പതിനൊന്നടുത്തു എങ്കിലും മരങ്ങൾക്കിടയിലൂടെ വെയിൽ താഴേക്ക് എത്തുന്നില്ലായിരുന്നു. കുറച്ചുദൂരം നടന്നപ്പോൾ ഞങ്ങൾ പാർക്കിംഗ് ഏരിയയിലെത്തി. അവിടെ ഒന്ന് രണ്ട് ട്രാവലർ കിടപ്പുണ്ടായിരുന്നു.
![]() |
| Bhairaveswara Shikhara |
പിന്നീട് കുറച്ചുകൂടെ നടന്നപ്പോൾ ആദ്യത്തെ പാറ കണ്ടു. അത് ഉയരം കുറഞ്ഞ് അല്പം താഴെ ആയിരുന്നു. കുറച്ചൂടെ നടന്നപ്പോൾ ക്ഷേത്രമുള്ള വലിയ പാറ കണ്ടു. ദൂരെ നിന്നും എടുത്താൽ മാത്രമേ പാറ മുഴുവനായും ഫ്രേയിമിൽ വരൂ. അടുത്തെത്തിയപ്പോൾ അവിടെ രണ്ടു കടകൾ ഉണ്ടായിരുന്നു. ഞങ്ങൾ ആദ്യം പോയി ചായ കുടിച്ച് ഒന്ന് ഫ്രഷ് ആയി.
![]() |
| Mohini Shikhara |
പരസ്പരമുഖാന്തരമായാണ് രണ്ടു പാറകളും നിലകൊള്ളുന്നത്. ഇതിൽ വലുത് ഭൈരവേശ്വര ശിഖരമെന്നും ചെറുത് മോഹിനി ശിഖരമെന്നും അറിയപ്പെടുന്നു. 390” 300” എന്നിങ്ങനെയാണ് യഥാക്രമം രണ്ടിന്റെയും ഉയരം. ഭൈരവേശ്വര ശിഖരത്തിനു താഴെ സ്വയംഭൂ ആയ ഒരു ശിവലിംഗമുണ്ട്. അതിലാണ് ക്ഷേത്രമുള്ളത്. പ്രതിഷ്ഠക്കു മുകളിലേക്ക് ഉറവയിലൂടെ വെള്ളം വീഴുന്നത് കാണാം. പാറകെട്ടിനിടയിലൂടെ മുകളിലേക്ക് കയറി അതിനെ വലം വെച്ച് വരാൻ ഒരു പാത ഉണ്ട്. തുടക്കത്തിൽ കുറച്ചു പടികൾ ഉണ്ടെങ്കിലും പിന്നീട് സാധാരണ മൺപാത ആണ്.
![]() |
ഭീമാകാരമായ പാറകൾക്കിടയിലൂടെ വവ്വാലുകളുടെ സീൽക്കാരങ്ങൾ കേട്ടു കറങ്ങിവരുന്നത് കൗതുകകരമാണ്. ക്ഷേത്രത്തിനോടുചേർന്നു ഒരു ക്രാഫ്റ്റ് ഷോപ് ഉണ്ട്. അവിടെ വിവിധ തരം രുദ്രാക്ഷമാലകളും ഗുഹയോട് അനുബന്ധിച്ച പുസ്തകങ്ങളും പിന്നെ ആ പാറകളുടെ ചെറിയ രൂപങ്ങളും വിൽപനക്കായി വെച്ചിട്ടുണ്ട്. തിരിച്ച് ഞങ്ങൾക്ക് ഒരു ട്രാവലറിൽ കയറി പോരാൻ സാധിച്ചത് കൊണ്ട് നടക്കേണ്ടി വന്നില്ല.
അവിടുന്ന് ഞങ്ങൾ നേരെ ജോഗിലോട്ട് പോയി. ആ വഴി മുഴുവൻ ഹൈറേഞ്ച് ആയിരുന്നു. ഉച്ചഭക്ഷണം കഴിക്കാൻ ആ റൂട്ടിൽ ഒരു ഹോട്ടൽ കണ്ടെത്തുക എന്നത് തീർത്തും ശ്രമകരമായിരുന്നു. ഗൂഗിൾ ചെയ്യാൻ നെറ്റ്വർക്ക് പോലും ഉണ്ടായിരുന്നില്ല. ഒടുവിൽ ഒരു ചെറിയ ഒരു കവല വന്നപ്പോൾ വണ്ടി നിർത്തി. ഒരു ചെറിയ കടയായിരുന്നു ആകെ ഉണ്ടായിരുന്നത്. അവിടെയാണേൽ ഊണ് കഴിഞ്ഞിരുന്നു. പൊറോട്ടയും എന്തോ കറിയും കഴിച്ച് ഞങ്ങൾ യാത്ര തുടർന്നു.
![]() |
| Sharawati River |
ഷിമോഗ ജില്ലയിലെ ശരാവതി നദിയിലാണ് ജോഗ് വെള്ളച്ചാട്ടം ഉള്ളത്. ഇന്ത്യയിലെ മൂന്നാമത്തെ വലിയ വെള്ളച്ചാട്ടമാണ് 253 മീറ്റർ ഉയരമുള്ള ജോഗ്. രാജ, റോറർ, റോക്കറ്റ്, റാണി എന്നീ പേരുകളിൽ നാല് പാളികളായാണ് സാധാരണ ജോഗ് താഴോട്ട് പതിക്കുന്നത്. എന്നാൽ മഴക്കാലത്തു സ്വാഭാവികമായും നിറഞ്ഞൊഴുകാറുണ്ട്. ഏറ്റവും ഉയരമുള്ള രാജ കുത്തനെ താഴോട്ട് വീഴുമ്പോൾ തൊട്ടടുത്തായി റോറർ മേലേന്നു പാതിവഴിയിൽ പാറയിൽ തട്ടി രാജയുടെ അടുത്തോട്ട് വലിയ ശബ്ദത്തോടെ തെറിച്ചാണ് വീഴുന്നത്. അതുകൊണ്ടാണ് ആ പേര് വന്നത്. അടുത്തതായി റോക്കറ്റ് പാറകൾക്കിടയിലൂടെ കൂട്ടത്തോടെ ചെറിയ ചെറിയ ജെറ്റുകൾ ആയി വീഴുന്നു. അവസാനമായി ശാന്തമായി പത പോലെ റാണി താഴോട്ട് പതിക്കുന്നു.
![]() |
| view from first point |
വെള്ളച്ചാട്ടം കാണാൻ നമുക്ക് രണ്ടു ഭാഗത്തുകൂടെ ചെല്ലാം. ആദ്യം ചെന്ന ഭാഗത്തു തിരക്ക് കുറവായിരുന്നു. ഇവിടെ നിന്നാലേ റോറർ ന്റെ വീഴ്ച ശരിക്കും കാണൂ. ഇവിടെ നിന്ന് നോക്കിയാൽ മറുപുറത്ത് വളരെ ദൂരെയായി താഴോട്ടുള്ള പടികൾ ഇറങ്ങുന്ന സഞ്ചാരികളെ കാണാം. 1400ഓളം പടികൾ ഉണ്ടെന്നു പറയുന്നു. ഈ ഭാഗത്തു അധികം സമയം കളയാതെ ഞങ്ങൾ മറുവശത്തേക്ക് പോയി. 5-6 കിലോമീറ്റർ ഉണ്ടായിരുന്നു അങ്ങോട്ട്. ഒരു പാലത്തിലൂടെ ശരാവതി നദി കടന്ന് ഞങ്ങൾ അടുത്ത വ്യൂ പോയിന്റിൽ എത്തി. ഇത്തവണ വലിയ തിരക്കായിരുന്നു. പാർക്കിങ്ങിൽ നിറയെ വണ്ടികളും ഒരുപാട് സന്ദർശകരും ഉണ്ടായിരുന്നു. ഇവിടെ സന്ദർശകർക്കായി വലിയ പാർക്കും ഗാർഡനും ഉണ്ട്.
![]() |
| view from second point |
ഇവിടെ നിന്നും നോക്കിയാൽ റോറർന്റെ തുടക്കം ഒഴിച്ചാൽ നാല് വെള്ളച്ചാട്ടവും കാണാം. ഇവിടെ ഞങ്ങൾ അല്പം അധികം സമയം ചിലവഴിച്ചു. ഇവിടുള്ള നടപ്പാതയിലൂടെ നടന്നു ചെന്നാൽ ഇന്ത്യയിലെ തന്നെ വളരെ പഴക്കമുള്ള ഒരു ജലവൈദ്യുതപദ്ധതി കാണാം. 1949ൽ ലിംഗനമക്കി എന്ന പേരിൽ സ്ഥാപിച്ച ഇത് ഇന്ന് മഹാത്മാഗാന്ധി ജലവൈധ്യുതപദ്ധതി എന്നറിയപ്പെടുന്നു. വൈകുന്നേരം ആയതിനാൽ ഞങ്ങൾ താഴോട്ട് ഇറങ്ങിയില്ല. സന്ധ്യ മയങ്ങും വരെ അവിടെ ചിലവഴിച്ച് ഒരു ചായകൂടെ കുടിച്ച് ഞങ്ങൾ കുംട സ്റ്റേഷനിലേക്ക് പോന്നു. സമയത്തുതന്നെ സ്റ്റേഷനിൽ എത്തി. പിന്നെ കാത്തിരിപ്പ്… പതിവുപോലെ വൈകി വരുന്ന മംഗളക്കായി…










ഭാഷയ്ക്ക് കുറച്ച് കൂടി പക്വത വന്നിരിക്കുന്നു.... Keep it up👍👍
ReplyDeleteനന്ദി സുഹൃത്തേ...
Deleteവെള്ളച്ചാട്ടത്തിന്റെ പാളികളെപ്പറ്റി അവിടെ വെച്ച് മനസ്സിലാക്കിയതാണോ? അതോ മുൻപേ study ചെയ്തതാരു േന്നാ? എഴുത്ത് നന്നാവുന്നുണ്ട്.
ReplyDeleteടാക്സി ഡ്രൈവർ പറഞ്ഞു തന്നതാണ്
Deleteതാങ്ക്സ് ചേച്ചി